Showing posts with label സലാഡ്. Show all posts
Showing posts with label സലാഡ്. Show all posts

Thursday, January 31, 2008

പാവയ്ക്കാ സലാഡ്

പാവയ്ക്കാ സലാഡ്

എന്താ? പാവയ്ക്കാ തന്നെ ഇഷ്ടമല്ല അപ്പോളാണോ പാവയ്ക്കാ സലാഡ് എന്നോ ? അയ്യോ ഇതു ചുമ്മാ പാവയ്ക്കാ പച്ചക്ക് കൊത്തിയരിഞ്ഞതല്ലന്നേ. അല്ലേലും എനിക്കെന്നാ പഞ്ചാര ഒന്നും ഇല്ലലോ പച്ചപാവക്ക തിന്നു നോക്കാന്.

ഒരു ശ്രീലങ്കന് സലാഡ് ആണിത്. എന്റെ സുഹൃത്ത് ലത ചേച്ചിടെ വക ഒരു സ്പെഷ്യല്. അവിടെ പാവയ്ക്കാ കറി അത്രക്കങ്ങനെ പ്രിയം അല്ലത്രേ. അവര്ക്കു ഈ സാലടിനോടാ ഇഷ്ടം എന്ന്.

വേണ്ടത്
പാവയ്ക്കാ : ഒരു വലിയ പാവയ്ക്കാ (വെള്ള പാവയ്ക്കാ ആണേല് കയ്പ്പ് കുറഞ്ഞിരിക്കും.)
തക്കാളി : ഒരെണ്ണം (കണ്ടാല് ഒരു ഗ്ലാമര്, ആരോഗ്യം ഒക്കെ ഉള്ള ഇടത്തരം )
സവാള : ഒന്നു മതി
പച്ചമുളക് : അത് എരിവിനനുസരിച്ചു ഒന്നോ രണ്ടോ
നാരങ്ങ : ഒരെണ്ണം (നീരെടുക്കാന് അല്ലേ, ബാക്കി വന്നാല് കുറച്ചു വെള്ളവും പഞ്ചസാരയും ചേര്ത്തു കുടിക്കാമല്ലോ. )
എണ്ണ : ആ പാവക്കയെ അരിഞ്ഞു നന്നായി വറക്കാന് പാകത്തിന്.
മല്ലിയില : ഒരു രണ്ടു മൂന്നു തണ്ട് ( ഇല ഉള്ളത് )

പാവയ്ക്കാ മെഴുക്കുവരട്ടിക്കു നുറുക്കുന്നതുപോലെ മുറിച്ചു ( എന്നുവച്ചാല് ഒരു ഇഞ്ച് നീളം , കാലിഞ്ച് വീതി ) ഉപ്പും മഞ്ഞള്പൊടിയും ചേര്ത്തു അല്പസമയം വയ്ക്കുക.
തക്കാളിയും സവാളയും ചെറുതായി അറിയുക. പച്ചമുളകും ചെറുതായി വട്ടത്തില് അറിയുക. മല്ലിയില തണ്ടില് നിന്നു അടര്ത്തി വയ്ക്കുക.
ചീനച്ചട്ടിയില് എണ്ണ നന്നായിചൂടായി വരുമ്പോള് പാവക്ക ചേര്ത്തു ഇളം brown നിറമാകുന്നത് വരെ ഇടക്കൊക്കെ നന്നായി ഇളക്കി വറക്കുക . കോരിയെടുത്ത് എണ്ണ നന്നായി തോര്ത്തുക. (ഒരു കടലാസ്സ്/ ടിഷ്യുപെയ്പ്പേര് വിരിച്ചു ഇതു നിരത്തിയാല് മതി.)

പാവയ്ക്കാ ചൂട് ആറി കഴിയുമ്പോള് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും സവാളയും പച്ചമുളകും ഉപ്പും നാരങ്ങാ നീരും മല്ലിയിലയും ചേര്ത്തു ഇളക്കി വിളമ്പുക. ഒരുമിച്ചു ചേര്ത്തു ഒത്തിരി നേരം വച്ചെക്കല്ലേ, പാവയ്ക്കാ ഒരു കോലം ആകും.


ഇതിനൊരു നോണ് വെജ് ചുവ കൂടി ഉണ്ടാക്കും ലത ചേച്ചി . ഞാന് അത് മിണ്ടാതിരുന്നതാ. ഉണക്കമീന് / ചെമ്മീന് വറത്തു ചേര്ക്കും. ആ എനിക്കറിഞ്ഞൂട അപ്പോള് എന്താകും എന്ന്.

എനിക്കിതങ്ങു ഇഷ്ടായി. അപ്പോള് ആരോടെങ്കിലും ഒക്കെ ഒന്നു പറയണം എന്ന് തോന്നി. അതുകൊണ്ടാ. മാത്രമല്ല മനസ്സില് മനസ്സു മാത്രം പോരല്ലോ , ശരീരം കൂടെ നോക്കണ്ടേ.

Loading