Wednesday, December 2, 2009

മുല്ലപ്പെരിയാര്‍ : നമുക്കെന്ത് ചെയ്യാനാകും

Rebuild Mullaperiyar Dam || Save Kerala
Malayalam Bloggers Movementവര്‍ഷങ്ങളായി പെരുമഴക്കാലങ്ങളില്‍ വാലും തുമ്പും മാത്രം കേട്ട് കേട്ട് പലര്‍ക്കും മടുത്ത വിഷയം തന്നെയാണ് മുല്ലപ്പെരിയാര്‍. അന്‍പത് കൊല്ലം മാത്രം ആയുസ്സ് പറഞ്ഞിരിക്കുന്ന ഒരു ഡാം ഒരു ഭീമമായ അബദ്ധം പോലെയുള്ള 999 വര്‍ഷത്തെ കരാറിന്റെ പേരില്‍ ഇരട്ടിയിലധികം വര്‍ഷത്തിനു ശേഷവും ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ഒരു വിഭാഗം ജനങ്ങളുടെ ജീവനു തന്നെ ഭീക്ഷണിയായി മറ്റൊരു വിഭാഗത്തിന്റെ തല്‍ക്കാലികമായ ലാഭത്തിനു വേണ്ടി നിലനില്‍ക്കുന്നു. മുല്ലപെരിയാര്‍ പൊട്ടിയാല്‍ എന്ന വായന ഇവിടെ (/English) തുടങ്ങാം

ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ പല പല സ്വാര്‍ഥതാല്പര്യങ്ങളുടെ പേരില്‍ " സര്‍ക്കാര്‍ കാര്യം മുറപോലെ' എന്നു തെളിയിക്കാനായി എന്ന പോലെ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നു. നീതിന്യായവ്യവസ്ഥ എന്തിന്റെയോ ഒക്കെ പേരില്‍ ഒന്നും കാണുന്നില്ലെന്ന് നടിക്കുന്നു.

മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് ഈ കാര്യത്തില്‍ നല്‍കുന്ന വിവരങ്ങള്‍ എത്രമാത്രം കുറവാണെന്ന് മനസ്സിലാക്കാന്‍ പാച്ചുവിന്റെ 'മുല്ലപ്പെരിയാറിലേക്കൊരു യാത്ര ' എന്ന ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ തെളിവാണ്. പ്രമുഖമാദ്ധ്യമങ്ങളുടെയെല്ലാം കൈവശം ഈ ചിത്രങ്ങള്‍ പോലുള്ളവ ഉണ്ടെങ്കിലും അവയൊന്നും കാര്യങ്ങള്‍ വിശദമാക്കാനായി അവര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന യാഥാര്‍ഥ്യം അതിശയിപ്പിക്കുന്നതാണ്.

പാച്ചു 2007 നവംബര്‍ മുതല്‍ 2008 ഫെബ്രുവരി വരെ പോസ്റ്റ് ചെയ്ത 11 പോസ്റ്റുകളിലൂടെ ( 7 - 17 ) മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് വര്‍ഷം മുന്നേയുള്ള സ്ഥിതി എന്താണെന്ന് വ്യക്തമായി നല്‍കിയിട്ടുണ്ട്.തമിള്‍നാട്ടിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഒരു മനുഷ്യസ്നേഹിയായ ജെ. ബെന്നി ക്വിക്ക് സ്വന്തം സ്വത്ത് പൂര്‍ണ്ണമായും നല്‍കി പടുത്തുയര്‍ത്തിയ ആ മുല്ലപ്പെരിയാര്‍ തന്നെ ഇന്ന് കുറേയേറെ മനുഷ്യര്‍ക്ക് ശാപമായി മാറിയതിനു ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.

അന്നത്തെ ടെക്നോളജി അനുസരിച്ചു ചുണ്ണാമ്പും ശര്‍ക്കരയും (ref) ഉപയോഗിച്ച് നിര്‍മിച്ച, അന്‍പത് വര്‍ഷം ആയുസ്സെന്ന് നിര്‍മ്മാതാവ് തന്നെ പറഞ്ഞിരുന്ന ഡാം ഇന്ന്, നൂറ്റിപത്ത് വര്‍ഷത്തിനിപ്പുറം ഈ നിമിഷം വരെ തകരാതെ പിടിച്ചു നില്‍ക്കുന്നത് 1979 ഇല്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കേബിള്‍ ആങ്കറിങ് (ref) കൊണ്ടാണ്. ഇപ്പോള്‍ 40% സിമന്റ് ആണ്. ആ കമ്പിയും സിമന്റും എത്രകാലം വെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്തുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്? പോരാത്തതിനു കാലപ്പഴക്കം വരുത്തിയ വിള്ളലുകള്‍ സ്ഥിതി ഇനിയും മോശമാക്കിരിക്കുന്നു.

ഇക്കാര്യത്തില് ഒരു ജനതക്ക് തനിച്ചൊന്നും ചെയ്യാനാവില്ല‍. നമുക്ക് ചെയ്യാനാകുന്നത് സം‌രക്ഷിക്കണ്ടവരോട് അവര്‍ അവരുടെ കടമ ചെയ്തേ മതിയാകൂ എന്നു നിര്‍ബന്ധിക്കുകയാണ്. നമ്മുടെ ജനതയെ മുഴുവന്‍ ഒരുമിച്ചു ചേരാനായി, ഒന്നിച്ചു നില്‍ക്കാനായി, ഒന്നായി ആവശ്യപ്പെടാനായി ബോധവല്‍‍ക്കരിക്കുകയാണ്. നമ്മളെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കിക്കുകയാണ്. ഒരുമിച്ച് നീങ്ങാനായി കൈകള്‍ കോര്‍ക്കുകയാണ്.

കേരളജനതയോ തമിള്‍ജനതയോ കാര്യങ്ങളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് പൂര്‍ണ്ണമായും ബോധവാന്മാരല്ല (read) തമിള്‍നാട്ടിലെ രാഷ്ടീയക്കാരും മാദ്ധ്യമങ്ങളും ശരിയായ വിവരങ്ങള്‍ അവരെ മനസ്സിലാക്കിക്കൊടുക്കുന്നുവെങ്കില്‍ ഒരിക്കലും കേരളത്തിന്റെ തകര്‍ച്ചക്ക് അവരും കൂട്ടുനില്‍ക്കില്ല. കേരളത്തിന്റെ ജനത അവരുടെ ജീവിതത്തിന്റെ നിലനില്‍പ്പിനായി ഒന്നിച്ചു ശബ്ദമുയര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരിനും നീതിന്യായവ്യവസ്ഥക്കും പിന്നെയും കണ്ണടക്കാന്‍ ആവില്ല.

അതാണ് ഇനി നമുക്കു വേണ്ടത്. സ്വതന്ത്രമാദ്ധ്യമമായ ബ്ലോഗിനു ഈ കാര്യത്തില്‍ എന്തു ചെയ്യാനാകും എന്ന കാര്യത്തില്‍ പാച്ചുവും നിരക്ഷര്‍ജിയും തുടക്കം കുറിച്ച അന്യോഷണമാണ് റീബില്‍ഡ് മുല്ലപ്പെരിയാര്‍ || സേവ് കേരള ‍ എന്ന ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ വഴി നമ്മുടെ ബൂലോകം എന്ന ബ്ലോഗ് കൂട്ടായ്മ നമ്മളിലേക്ക് പകരുന്നത്.പ്രമുഖരായ പല കേരളാബ്ലോഗര്‍മാര്‍( മലയാളം & ഇംഗ്ലീഷ്) പോലും മുല്ലപ്പെരിയാര്‍ വിഷയത്തെയും അതിന്റെ അവസ്ഥയേയും കുറിച്ച് അറിവും താല്പര്യവും ഉള്ളവരല്ല. അതിനാല്‍ തന്നെ ഈ ബ്ലോഗേഴ്സ് മൂവ്മെന്റ്, ഇന്റെര്‍നെറ്റ് ഉപഭോക്താക്കളായവരെയും അതുവഴി സാധാരണക്കാരെയും കാര്യത്തിന്റെ അടിയന്തരാവസ്ഥ മനസ്സിലാക്കുക എന്ന ലക്ഷ്യത്തിനു വേണ്‍ടിയുള്ളതാണ് . ആ അന്യോഷണം ലക്ഷ്യം നേടേണ്ടത് നമ്മുടെ നിലനില്പ്പിന്റെ ആവശ്യമാണ്. അതിനായി നമുക്കൊരുമിക്കാം.

മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മിക്കുക !!! കേരളത്തെ രക്ഷിക്കുക !!!
Rebuild Mullaperiyar Dam !!! Save Kerala !!!

Tuesday, December 1, 2009

ഒരു കാര്യം...

വിവാഹം കഴിക്കാന്‍ പോവുകയാണോ?

പറ്റിയ ആളെ കണ്ടുവോ?

പരിചയപ്പെട്ടോ?

ഇഷ്ടപ്പെട്ടോ?

എങ്ങനെ, ജോലിയും സാമ്പത്തികവും ഒക്കെ ഓക്കെ ആണോ?

വീട്ടുകാരോടും കൂട്ടുകാരോടും സംസാരിച്ചോ?

ജാതിയും ജാതകവും ഒക്കെ ചേരുന്നതാണോ?

കുടുംബമഹിമയൊക്കെ മാച്ചിംഗ് ആണല്ലോ അല്ലേ?

എന്നത്തേക്ക് നടത്താനാ തീരുമാനിച്ചിരിക്കുന്നത്?

എവിടെ വച്ചാ?

ക്ഷണിക്കേണ്ട എല്ലാവരെയും ക്ഷണിച്ചല്ലോ അല്ലേ?

ഹണിമൂണ്‍ എവിടെയാ?

അല്ലാ ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ഈ തിരക്കിനിടക്ക് എപ്പഴെങ്കിലും റ്റൈം കിട്ടുമോ ആവോ?


മോശമായതെന്തും തനിക്കല്ല, മറ്റുള്ളവര്‍ക്കെ സംഭവിക്കൂ. എങ്കിലും ഞാനും മറ്റുള്ളവരുടെ മറ്റുള്ളവരില്‍ പെട്ടതാണല്ലോ.

ജീവിതത്തില്‍ എന്നെങ്കിലും രക്തം സ്വീകരിച്ചിട്ടുണ്ടെങ്കില്‍‍, മുന്നേ എന്നെങ്കിലും മറ്റൊരു ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍, ഹോസ്പിറ്റലില്‍/ ക്ലീനിക്കില്‍ സിറിഞ്ച് പുനരുപയോഗിച്ചിട്ടില്ലെന്ന് ഉറപ്പില്ലെങ്കില്‍ ... ഒരു ടെസ്റ്റ് നടത്തുന്നത് അനാവശ്യമാണെന്ന് കരുതാന്‍ ആകുമോ?എയ്ഡ്സ് : http://en.wikipedia.org/wiki/AIDS
ലോക എയ്ഡ്സ് ദിനം : http://worldaidsday.org/factsandstats/the-basics.aspx

Thursday, October 15, 2009

വീണ്ടുമൊരു ലോകഭക്ഷ്യദിനം


ഈ ചിത്രം വീണ്ടും വീണ്ടും കാണുന്നത് സങ്കടമാണ്. എനിക്കറിയാം. പക്ഷെ സന്തോഷപ്പെടുത്തുന്ന കണക്കുകള്‍ ഒന്നും തന്നെ അല്ല യു. എന്‍ നല്‍കുന്നത്. ലോകം പട്ടിണിയില്‍ നിന്നു പട്ടിണിയിലേക്ക് നീങ്ങുകയാണ്.പകര്‍ച്ചവ്യാധികളെക്കാള്‍ ലോകജനതക്ക് ഭീക്ഷണി ദാരിദ്ര്യവും പോഷകാഹാരക്കുറവും ആണ്. ദാരിദ്ര്യം ലോകത്തെ കൂടുതല്‍ കൂടുതല്‍ അശാന്തിയിലേക്ക് നയിക്കും.അതിനാല്‍ ചില നൊമ്പരങ്ങള്‍ നമ്മെ ഇടക്കിടക്ക് ഓര്‍മ്മപ്പെടുത്തുന്നത് നമുക്കും നാം ജീവിക്കുന്ന ഈ സമൂഹത്തിനും നല്ലതാണ്

നാളെ വീണ്ടുമൊരു ലോകഭക്ഷ്യദിനം.

നമ്മുടെ ലോകത്തെ ദുരിതത്തില്‍ നിന്നു രക്ഷിക്കാന്‍ മറ്റൊന്നും ചെയ്തില്ലെങ്കിലും, ആഹാരത്തെ ബഹുമാനിക്കാന്‍,അത് പാഴാക്കി കളയാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം.

വേണ്ടത്ര ആഹാരം മാത്രം വാങ്ങിക്കുക. ആവശ്യത്തിനു മാത്രം വിളമ്പുക. വിളമ്പിയത് മുഴുവന്‍ കഴിക്കുക. പാഴാക്കി കളയുന്ന ആഹാരത്തിന് ലോകം നല്‍കേണ്ട വില നാം കരുതുന്നതിലും എത്രയോ അധികമാണ്.

ദാരിദ്ര്യം നാം ദാനം നല്‍കണോ?

------------------------------------------------------------------
ചൈല്‍‍‍ഡ് ഹെല്പ് ലൈന്‍ നമ്പര്‍ 1098.
വേള്‍ഡ് ഫുഡ് പ്രോഗ്രാം : 10 Things You Can Do On World Food Day

Friday, September 11, 2009

കുടുംബം കുഞ്ഞിന്റെ അവകാശം -മാതൃഭൂമി ലേഖനപരമ്പര

ദത്തെടുക്കലിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന മാതൃഭൂമി ലേഖനപരമ്പര
------------------------------------------------------------------------------------

Mathrubhumi
കെ.ശ്രീകുമാര്‍

ദത്തുകേന്ദ്രത്തിലെ ആട്ടുതൊട്ടിലില്‍ കൈകാലിട്ടടിച്ചു കിടക്കുന്ന രണ്ടോ മൂന്നോ മാസം മാത്രം
പ്രായമായ ഒരിളംകുഞ്ഞ്. പിറക്കുമ്പോഴേ മാതാപിതാക്കള്‍ അനാഥമാക്കിയ ജന്മം. ആ കുഞ്ഞിനെ സ്വന്തമായിക്കണ്ട് സ്വീകരിച്ച്, ആ കണ്ണിന്റെ നനവൊപ്പി, നെഞ്ചിലെ ചൂടുപകര്‍ന്നുറക്കി,
ശിഷ്ടജീവിതം മുഴുവന്‍ അവനോ അവള്‍ക്കോ വേണ്ടി മാറ്റിവെച്ച്, അതിനുമേല്‍ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണല്‍ വിരിച്ച്... ഒരനാഥ ജന്മത്തിന് കൈത്താങ്ങായി,
അതിനെ സനാഥമാക്കുന്നതിലും വലിയ പുണ്യകര്‍മം വേറെയുണ്ടോ?
-ദത്തെടുക്കലിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന അന്വേഷണപരമ്പര
Friday, August 14, 2009

ഇന്ത്യ എന്റെ രാജ്യമാണ്ഇന്ത്യ എന്റെ രാജ്യമാണ്‌.

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...


ഞാന്‍ ഈ പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ട്?

ഞാന്‍ എല്ലാവരെയും എന്റെ സഹോദരി സഹോദരന്‍മാരായി കാണുന്നുണ്ടോ?

ഞാന്‍ എന്റെ രാജ്യത്തിനെ കുറിച്ച്, ഇന്നത്തെ അവസ്ഥയില്‍ അഭിമാനം കൊള്ളുന്നുണ്ടോ?

ഞാന്‍ എന്റെ ഗുരുക്കന്മാരോടും മുതിര്‍ന്നവരോടും എപ്പോഴും ബഹുമാനത്തോടെ തന്നെ ആണോ പെരുമാറുന്നത്?

ഞാന്‍ ചെയ്യുന്നതെല്ലാം എന്റെ രാജ്യത്തിനു നന്മ വരുത്തുന്നവയാണോ?

എങ്കിലും എന്നും എനിക്ക് എന്റെ രാജ്യം ഇന്ത്യ തന്നെയാണ്.

ഞാന്‍ എന്നും എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുമുണ്ട്.

ലോകത്തെ ഏറ്റവും നല്ല രാജ്യം എന്റെതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്.

എന്റെ രാജ്യത്ത് എന്നും ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പല്‍സമ്യദ്ധിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.ആ സ്നേഹത്തിന്റെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ ആത്മാര്‍ഥത‍യില്‍ തികച്ചും അവകാശത്തോടെ എനിക്കും പറയാം

!!! ജയ് * ഹിന്ദ് !!!

Tuesday, July 21, 2009

എ.പി.ജെ അബ്ദുള്‍ കലാം: ഇദ്ദേഹം നമുക്കാരാണ്?ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക്‌ വിധേയനാക്കിയത്‌ അന്വേഷിക്കുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 24ന്‌ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍വെച്ചാണ്‌ അമേരിക്കയിലെ കോണ്ടിനന്റല്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ കലാമിനെ ദേഹപരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌.

കൈകള്‍ ഉയര്‍ത്താനാവശ്യപ്പെട്ട്‌ വിശദമായ ദേഹപരിശോധന നടത്തുകയാണുണ്ടായത്‌. പരിശോധനയുടെ ഭാഗമായി കലാമിനോട്‌ ഷൂസഴിക്കാനും ബാഗുകള്‍ എക്‌സറെ യന്ത്രത്തിലൂടെ കടത്തിവിടാനും ആവശ്യപ്പെട്ടു.

അമേരിക്കയിലെത്തിയ കലാമിനെ വീണ്ടും ദേഹപരിശോധന നടത്തുകയും ചെയ്‌തു. പ്രത്യേക മുറിയില്‍ കൊണ്ടുപോയാണ്‌ പരിശോധന നടത്തിയത്‌. ഇന്ത്യയില്‍വെച്ചുള്ള ദേഹപരിശോധനക്ക്‌ എയര്‍ലൈന്‍സിലെ ജീവനക്കാരായ ഇന്ത്യക്കാരാണ്‌ നേതൃത്വം നല്‍കിയത്‌.
mathrubumi news >>
------------------------------------------------------------------------------------------------------
നമ്മുടെ ആദരണീയനായ അങ്ങയെ അപമാനിക്കാന്‍ തക്ക അധികാരം ഇവര്‍ക്കാരു നല്‍കി?

മാപ്പ്.

അങ്ങയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു പാവം ഇന്ത്യക്കാരിക്ക് വേറെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ?

Saturday, May 9, 2009

കാണാതാവുന്ന സ്ത്രീജന്മങ്ങള്‍

നോബല്‍ ജേതാവായ ഡോ. അമര്‍ത്യസെന്നിന്റെ കണക്കനുസരിച്ച് 1986 ല്‍ 37 കോടി സ്ത്രീകള്‍ ഇന്ത്യന്‍ ജനതയില്‍ നിന്നും അപ്രത്യക്ഷമായി. 'അപ്രത്യക്ഷമായി' എന്ന വാക്കിനു 'ഇല്ലാതായി' എന്നായിരുന്നു അദ്ദേഹം കല്പ്പിച്ച അര്‍ഥം. ഇന്ത്യയുടെ ജനതയില്‍ എണ്ണപ്പെടേണ്ട 37 കോടി എങ്ങും പരാമര്‍ശിക്കപ്പെടാന്‍ പോലും അവശേഷിച്ചില്ല.

പെണ്‍ശിശുഹത്യക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും വേരുകള്‍ ഉണ്ടായിരുന്നു. ഉള്‍ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നൂറു രൂപ വയറ്റാട്ടിക്ക് കൊടുത്താല്‍ പിറന്ന പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചോ ജീവനോടെ കുഴിച്ചിട്ടോ വിഷം കൊടുത്തോ കൊന്ന് തരും. അതല്ല അച്ഛനോ അച്ഛമ്മയോ അതു ഒരു പൈസ ചിലവില്ലതെ സ്വയം ചെയ്തുകൊള്ളും.

പെണ്‍ഭ്രൂണഹത്യ ഇന്ത്യയില്‍ നിയമവിരുദ്ധമാണിന്ന്.അള്‍ട്രാസൗണ്ട് വഴി ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് അനുവദനീയമല്ലാതിരുന്നിട്ടും ഓരോ വര്‍ഷവും ഒരു കോടിയോളം പെണ്‍ഭ്രൂണങ്ങള്‍ ഇന്നും നശിപ്പിക്കപ്പെട്ടുകൊണ്ടീരിക്കുന്നു.

ഇതിനോടൊപ്പം വായിക്കാന്‍ ആയി.

ചെറുപ്പക്കാരികളായ വധുക്കളുടെ സ്ത്രീധനമരണങ്ങളും കൂടിക്കൊണ്ടേ ഇരിക്കുന്നു. ഇതു മിക്കവാറും ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചിലപ്പോള്‍ സഹോദരങ്ങളും ഒക്കെ ചേര്‍ന്നു നടത്തുന്ന കൊലപാതകം തന്നെ ആണ്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയോ അടുക്കളയില്‍ മനപൂര്‌വ്വം സ്രഷ്ടിക്കപ്പെടുന്ന അപകടങ്ങളിലോ നിര്‍ബദ്ധിച്ച് കഴിപ്പിക്കുന്ന ഉറക്കഗുളികകളിലോ തൂങ്ങിമരണങ്ങളിലോ വര്‍ഷാവര്‍ഷം ഏകദേശം ഇരുപത്തയ്യായിരത്തോളം യുവതികള്‍ ഇമ്മാതിരി ഇല്ലാതാക്കപ്പെടുന്നു അല്ലെങ്കില്‍ മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുന്നു.

ഈ വിവരങ്ങള്‍ എല്ലാം www.50millionmissing.in എന്ന വെബ്സൈറ്റില്‍ നിന്നാണ്. ആ ക്യാമ്പെയിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരിനും കൂടി സമര്‍പ്പിക്കാന്‍ ആയി http://gopetition.com/petitions/stop-female-genocide-in-india.html എന്ന ഒരു പെറ്റീഷന്‍ (Mar 07, 2008) തയാറാക്കിയിരിക്കുന്നു.

അല്ല.എനിക്ക് ഒരു ഫോര്‍‌വേഡ് മെയില്‍ ആയി കിട്ടിയ, ഇന്നു ഈ സമയം വരെ ഞാനടക്കം വെറും 1309 ഒപ്പിട്ട അതില്‍ നിങ്ങളുടെ പേരും സ്ഥലവും ചേര്‍ത്ത് ഒപ്പിടാന്‍ അഭ്യര്‍ഥിക്കാന്‍ അല്ല ഞാന്‍ ഇതിവിടെ പറഞ്ഞത്. അങ്ങനെ ഒരു പെറ്റീഷന്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്നും അറിയില്ല. വിശ്വസിക്കുന്നുമില്ല.

പക്ഷെ ആ രണ്ടാമത്തെ കാറ്റഗറിയില്‍ ഉള്ള വര്‍ഷാവര്‍ഷം ഇരുപത്തയ്യായിരം വച്ച് കൂടുന്ന 'ഇല്ലാതാകുന്നവരെ' കുറിച്ച് ചിന്തിക്കാനായ്‍ മാത്രം ആണ് ഇതു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ക്രൂരമാണെന്നറിയാം, എങ്കിലും ആ ഇരുപത്തയ്യായിരത്തില്‍ ഒന്നാവുന്നതിനെക്കാള്‍ ഭേദം ആദ്യത്തെ കാറ്റഗറിയിലെ കോടിയില്‍ ഒന്നാവുന്നത് തന്നെയാണ് എന്നു ചിന്തിച്ച് പോകുന്നതിനാല്‍ ആണ്.

സ്ത്രീധന കൊലപാതകങ്ങള്‍ ഒന്നും എനിക്കു ഭാഗ്യത്താല്‍(ദൈവാധീനത്താല്‍) നേരിട്ടറിയില്ല. പക്ഷെ അതിനു തുല്യമായ പലസാഹചര്യങ്ങളും പ്രബുദ്ധരായ ഇന്നും നമ്മുടെ കേരളസമൂഹത്തില്‍ തന്നെ നേരിട്ടറിയാം.

ആ ഇരുപത്തയ്യായിരങ്ങള്‍, ആരും അറിയാതെ പോകുന്ന അനേകം ഇരുപത്തയ്യായിരങ്ങള് നിലനില്‍ക്കുന്നിടത്തോളം, പെണ്‍കുഞ്ഞുങ്ങളേ, നിങ്ങള്‍ ജനിക്കാതിരിക്കട്ടെ.

Monday, April 27, 2009

അക്ഷയ ത്രതീയ : ദാനം ചെയ്യൂ... പുണ്യം നേടൂ!!!

CRY campaign2009
ദാനം ചെയ്യൂ... പുണ്യം നേടൂ!!!

cryയുടെ ഈ പടം തന്നെ ഇവിടെ കൊടുക്കാന്‍ കാരണം ഉണ്ട്.Project Mahan seva sansthan , Rajasthanഅക്ഷയ ത്രതീയ കല്യാണത്തിനു മുഹുര്‍ത്തം നോക്കേണ്ടാത്ത ദിവസം ആണത്രേ. രാജസ്ഥാന്,മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,ഝാര്‍ഖണ്ഡ്,ബീഹാര്‍,ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളീലെല്ലാം ബാലവിവാഹം നടത്തുന്ന ദിവസം ആണത്രെ അത്.
ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്നത് ഇന്നാണ്. അതും രാജസ്ഥാന്‍ ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍. ഈ ദുരാചാരം ഇന്നും നിലനില്‍ക്കാന്‍ ഒരു കാരണം ദാരിദ്യം തന്നെ ആണ്.

സ്വര്‍ണ്ണം വാങ്ങി പുണ്യം നേടുന്നതിനൊപ്പം ദാനം ചെയ്തും പുണ്യം നേടൂ.അതും ആ ദാനം അത്രക്കും ആവശ്യമായവര്‍ക്ക് തന്നെ.

(പൊട്ട സ്ലേറ്റ്, താങ്കള്‍ പറഞ്ഞ പ്രകാരം ഇതാ മീഡിയ, ബ്ലോഗ്ഗ് മീഡിയ വഴി തന്നെ 'അക്ഷയ ദാനം' തുടങ്ങാം.)

Wednesday, March 25, 2009

ബൂലോകർക്കും വേണ്ടേ ലോൿസഭാ സ്ഥാനാർഥിത്വം?

ബൂലോകർക്കെന്താണോരു കുറവ്?

കേരളത്തിലെമ്പാടും പ്രതിനിധികൾ ഇല്ലേ?

കേരളത്തിന് വെളിയിൽ ഇന്ത്യയിലെങ്ങും,പിന്നെ മിഡിൽഈസ്റ്റിലും യുഎസിലും യുകെയിലും ജപ്പാനിലും കൊറിയയിലും സൌത്താഫ്രിക്കയിലും (...ലും ...ലും ...ലും) എല്ലാം ബ്ലൊഗ്ഗർ പിന്തുണയില്ലേ?

ഹിന്ദു-മുസ്ലിം-ക്യസ്ത്യൻ(എതു വേണം, എതു ജാതി? എതു സമുദായം? എതു വിഭാഗം?) മതവിശ്വാസികൾ ആയ ബ്ലൊഗ്ഗർ നേതാക്കൾ/പ്രവർത്തകർ ഇല്ലേ?

ബ്ലൊഗ് വ്യാപാരി/വ്യവസായീ/തൊഴിലാളി/മുതലാളി സംഘടനകൾ ഉണ്ടാക്കാൻ കഴിവുള്ളവർ(ഇടത്/വലത്/സംഘ) ഇല്ലേ?

പ്രിയങ്കരനായ ബ്ലൊഗ്ഗർ മമ്മൂട്ടിയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കി ബൂലോകർക്കും ഈ ലോൿസഭാ തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരിക്കൂടേ?

പറയൂ ബ്ലോഗർമാരേ പറയൂ, അവകാശങ്ങൾ നേടണ്ടേ? ഭരണം നേടണ്ടേ? ഇന്ത്യയെ കുട്ടിച്ചോറാക്കണ്ടേ?

വേണ്ടേ ലോൿസഭാ സ്ഥാനാർഥിത്വം?

ജയ് ....????

Tuesday, March 3, 2009

ഞാന്‍ പ്രിയ, നായര്‍...

'ഞാന്‍ പ്രിയ, ഇടത്തരം നായര്‍ കുടുംബത്തിലെ അംഗം, നായര്‍ ജാതിയില്‍ ജനിച്ചു എന്നതില് പ്രത്യേകിച്ച് അഭിമാനകരമായിട്ടൊന്നും ഇന്ന് വരെ തോന്നിയിട്ടില്ലെങ്കിലും അതില്‍ പ്രത്യേകിച്ച് മോശവും തോന്നിയിട്ടില്ല. എന്റെ സുഹൃത്തുക്കളിലാരോടും ഞാന്‍ ഇന്ന് വരെ ജാതി ഏതാണെന്ന് ചോദിച്ചിട്ടില്ല. (പേരില്‍ തന്നെ ഒരു വാലുള്ളത് കൊണ്ടാവാം പറയേണ്ടിയും വന്നിട്ടില്ല)

എനിക്കെന്റെ കുടുമ്പത്തിലെ നാലു തലമുറ നേരിട്ടറിയാം.അതിനും മുന്‍പത്തെ തലമുറയെ പറ്റി കേട്ടറിയാം.ഫാമിലി ട്രീ എഴുതുമ്പോള്‍ ആ തലമുറയിലെ എല്ലാം അച്ഛനും അമ്മയും ആരെന്നു വ്യക്തമായി എഴുതാന്‍ കഴിയും. ഇവരില്‍ ആരും ആരുടേം ഔദാര്യം കൊണ്ടോ ഏതെങ്കിലും നമ്പൂതിരിമാരുടെ സംബന്ധം ആയോ, എന്തിനു, ഭൂപരിഷ്കരണനിയമത്തില് കൂടി പോലും അല്ല, മറിച്ച് ,അദ്ധ്വാനിച്ച് സമ്പാദിച്ച കാശു കൊണ്ടാ ജീവിച്ചതെന്നും/ജീവിക്കുന്നതെന്നും ജീവിച്ചും അനുഭവിച്ചും അറിയാം. അതിനാല്‍ ഞങ്ങളെ/കുടുംമ്പക്കാരെ നായര്‍ എന്ന് പറഞ്ഞു ചാര്‍ത്തി തരുന്ന അവഹേളനങ്ങളില് നിന്നും ഒഴിവാക്കണം എന്നും,
എന്റെ നാട്ടിലെ ഒരു നായര്‍ കുടുംമ്പത്തിലും അങ്ങനെ നമ്പൂതിരിയുടെ ആരൊക്കെയോ ആയ ആരും ഇല്ലാത്തതിനാല്‍ എന്റെ നാട്ടുകാരായ നായന്മാരെയും ആ അവഹേളനങ്ങളില് നിന്നോഴിവാക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
പറ്റുമെങ്കില്‍ നിങ്ങളുടെ നാട്ടിലെ ആ സൊ സെഡ് നായന്മാര്‍(അല്ലാത്തവരാണെങ്കിലും) ഉണ്ടെങ്കില്‍ അവരുടെ പേരോ കുടുംമ്പപ്പേരോ വിളിച്ചു അവരെ മാത്രം അവഹേളിക്കുകയാണെങ്കില് അത് കൂടുതല്‍ നന്ന്‍.
മാത്രമല്ല എല്ലാ മുസ്ലിങ്ങളും ഭീകരവാദികള്‍ അല്ലാത്തത് പോലെ, ഞങ്ങളുടെ എം പിയുടെ ആണവകരാറിന്റെ തീരുമാനം എന്റെതും കൂടി അല്ലാത്തത് പോലെ , വെള്ളാപ്പള്ളിയുടെ വായിട്ടലക്കല്‍ എല്ലാ ഈഴവന്റെയും അഭിപ്രായം അല്ലാത്തത് പോലെ, ബാലക്യഷ്ണപിള്ളയോ നാരായണപിള്ളയുടെയോ വചനങ്ങള്‍ എല്ലാ നായരുടെയും അഭിപ്രായം ആയി കണക്കാക്കാതിരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.'

ഇനി സംവരണം:
1) അറുപതു വര്ഷം ആയിട്ടും പിന്നോക്കം പിന്നാക്കം ആണെകില്‍ സംവരണം നിര്‍ത്തി അതിന്റെ കാരണം ആദ്യം കണ്ടു പിടിക്കുക. ആദിവാസിക്ക് ഭൂമി കൊടുത്തത് നാട്ടുകാര്‍ ചാരായം കൊടുത്തു എഴുതിവാങ്ങിച്ചു എന്ന് പറഞ്ഞാല്‍ ആദ്യം ആദിവാസിയെ ചാരായം കാണുമ്പോഴേ കമിഴ്ന്നടിച്ചു വീഴാതിരിക്കാന്‍ പഠിപ്പിക്കാന് എന്ത് ചെയ്യണം എന്ന് ആലോചിക്കുക.

2) സാന്ദര്‍ഭികമായി പറഞ്ഞതല്ല, അറിയാവുന്ന പല തൊഴിലാളികളും പാടത്തു നിന്ന് കൂലി വാങ്ങി നേരെ കള്ളുഷാപ്പിലേക്ക് പോകുന്നതും മക്കള്‍ റേഷന്‍ വാങ്ങാന്‍ പൈസക്കായി റോഡില്‍ അച്ഛനെ കാത്തു നില്‍ക്കുന്നതും പലവട്ടം കണ്ട ഒരു കൂട്ടുകാരി ആയതു കൊണ്ട് പറഞ്ഞതാണ്‌.

3) അമ്മയും പ്രായമായ ഒരു അമ്മൂമ്മയും മാത്രം ഉള്ള സുഹൃത്ത്. അമ്മ കൂലിപണി എടുത്താണ് അവളെ പഠിപ്പിച്ചത്. ബുക്കില്‍ മണ്ണെണ്ണ വീണ പാട് ഉള്ള അപൂര്‍വ്വം സഹപാഠികളില്‍ ഒരാള്‍. എസ് എസ് എല്‍ സിക്ക് ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് ഉള്ള സുഹൃത്ത് രണ്ടാം ഗ്രൂപ്പ് (സയന്‍സ് ) അഡ്മിഷന് വെയ്റ്റിംഗ് ലിസ്റ്റില്‍ ആയതും 232/600 ഉള്ള മറ്റൊരു പെണ്‍കുട്ടി പഠിക്കാന്‍ ഒട്ടും തല്പര അല്ലാഞ്ഞിട്ടും സയന്‍സ് ഗ്രൂപ്പില് സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്നതും കണ്ടു.( പ്രീഡിഗ്രി അവസാനം ആവുന്നതിനു മുന്നേ 232കാരി അവളുടെ വഴിക്ക് പോയി.ജീവിതപ്രാരാബ്ധം കൊണ്ടല്ല ഇട്ടേച്ചു പോയത് .അത് വേറെ കഥ :)
പ്രീഡിഗ്രി ഉയര്‍ന്ന സെക്കന്റ് ക്ലാസ് , ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന് ശ്രമിച്ചപ്പോള്‍ അവിടെ ഒരു വര്ഷം ഫ്രീ സര്‍വീസ് , പിന്നെ അഡ്മിഷന്‍ , പിന്നെ ഒരു വര്ഷം ബോണ്ട്. ഞങ്ങളുടെ സീനിയര്‍ (ക്രിസ്ത്യന്‍ ) ഒരു വട്ടം പ്രീഡിഗ്രി തോറ്റ് രണ്ടാമതെഴുതി പാസായി വന്നു നേരെ നഴ്സിംഗ് കോഴ്സിനു ജോയിന്‍ ചെയ്തു.

ഇവിടെ എന്റെ സുഹൃത്തിന് മറ്റു രണ്ടു പേരേക്കാള് ഉണ്ടായിരുന്ന പോരായ്മ അവളുടെ അച്ഛനും അമ്മയ്ക്കും നായര്‍ ആണ് എന്നതും സാമ്പത്തികമായി വളരെ പിന്നാക്കം ആണ് എന്നതും ആണ്.ദൈവാധീനം കൊണ്ടും അവളുടെ പരിശ്രമം കൊണ്ടും ഇന്ന് ജോലി കിട്ടി തരക്കേടില്ലാതെ ജീവിക്കുന്നു .

4) സംവരണത്തില്‍ നേടുന്നവര്‍ക്കുള്ളത് ആത്മവിശ്വാസം ആണോ അതോ കോമ്പ്ലെക്സ് ആണോ എന്നതും ആലോചിക്കുക.പലരുടെയും പെരുമാറ്റം ശ്രദ്ധിക്കപെട്ടിട്ടുണ്ട്.

5) എന്‍ എസ് എസ്സിനോട് എനിക്കുള്ള അഭ്യര്‍ഥന ഈ വാചകകസര്ത്ത് നിര്‍ത്തി മന്നത്ത് പദ്മനാഭനെ പോലുള്ളവര്‍ ചെയ്തിരുന്നു എന്ന് ഞങ്ങള്‍ കേട്ടിരിക്കുന്ന ആ കൂട്ടായ്മയുടെ ഗുണം ഇനി ഉണ്ടാകുമോ എന്നാണ്.ജാതി ചോദിക്കരുതെന്ന് പറഞ്ഞ ഗുരുവിന്റെ പേരില്‍ പോലും ജാതിസംഘടന ഉള്ളപ്പോള്‍ , ജാതി ഇല്ലാതാവും എന്നും, ടാക്സ് വാങ്ങുന്ന സര്‍ക്കാരില്‍ നിന്നും തുല്യ പരിഗണന കിട്ടും എന്നൊക്കെ കരുതി ഇരുന്നാല്‍ ചിലപ്പോള്‍ തലമുറ ഇതുമാറി അടുത്തതും ചിലപ്പോള്‍ അതിനടുത്തതും ആകും. സാമ്പത്തിക നിലക്കനുസരിച്ചുള്ള പരിഗണന, വോട്ടിനെ മാത്രം കരുതി ഇടത് വലതു പക്ഷങ്ങള്‍ പരിഗണിക്കില്ല എന്നതും വ്യക്തം

ബ്ലോഗിലെ പ്രശ്നങ്ങള്‍ ബ്ലോഗില്‍ തീര്‍ത്തു കൂടെ എന്ന് പറഞ്ഞതിന് പ്രത്യേകിച്ച് ഇഫക്ട് ഒന്നും കണ്ടില്ല.അങ്ങനെ ഒരു പ്രതീക്ഷയും ഇല്ല. എങ്കിലും പ്രശസ്തനായ ബ്ലോഗ്ഗര്‍ ഒരു ജാതിയെ തെറി വിളിക്കുന്നത് കണ്ടാണ്‌ അദ്ധേഹത്തിന്റെ മകനും വളരുന്നത്. നാളെ അവന്‍ അവന്റെ കൂടുകാരനെ ഇങ്ങനെ തന്നെ കണക്കാക്കിയാല്‍... ആര്‍ക്കാണ് ജാതിഭ്രാന്ത്?

Sunday, February 22, 2009

Jai Ho !!! जय हो !!! ജയ് ഹോ !!!

ഓസ്കാര്‍ നേടിയ ശ്രീ. റസൂല്‍ പൂക്കുട്ടിക്കും ശ്രീ. എ. ആര്‍. റഹ്മാനും ശ്രീ ഗുല്സര് സാഹിബിനും ആ സിനിമയിലെ കുഞ്ഞു കുട്ടികള്‍ക്കും 'സ്മൈല്‍് പിങ്കി' പ്രവര്‍ത്തകര്‍ക്കും എന്റേം വക അഭിനന്ദനങ്ങള്‍.

ഓസ്കാര്‍ ഹോളിവുഡിന്റെ ആയിക്കോട്ടെ.ആ സിനിമ ഇംഗ്ലീഷ്കാരുടെ ആയിക്കോട്ടെ. അവര്‍ നമ്മുടെ നാട്ടിലെ കഷ്ടപ്പാടുകളും മോശംകാര്യങ്ങളും (ഉള്ളതായിരിക്കും, എന്നാലും ) പറഞ്ഞെന്നും ഇരിക്കട്ടെ.

എന്തൊക്കെ ആയാലും ആ സിനിമയില്‍ കുറേ എങ്കിലും ഡയലോഗും പാട്ടുകള്‍ എല്ലാം ഹിന്ദിയിലും ആക്കിയതിന് നന്ദി പറയുന്നു.

ഈ പ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഒരു ഹിന്ദി പാട്ടിന് ആണ്. ഇപ്പ്രാവശ്യത്തെ ഓസ്കാര്‍ സോംഗ് പാടണമെങ്കില്‍ ആരായാലും ഹിന്ദിയില്‍ തന്നെ പാടണമല്ലോ.

Jai ho !!! जय हो !!! ജയ് ഹോ !!!

നമ്മുടെ ചേരിയെ കുറിച്ചു ഒരു വിദേശി പറഞ്ഞതിനെ പറ്റി ഇപ്പോഴും നാം ലജ്ജിക്കണം. നമ്മളിലെ തന്നെ സമ്പന്നര്‍ ഇന്നു വരെ ഈ അവസ്ഥയെ മാറ്റാന്‍ ആയി ഫലപ്രദമായി ഒന്നും ചെയ്തില്ലാത്ത സ്ഥിതിക്ക്, ഇനി ആ ലജ്ജയുടെ പേരില്‍ എങ്കിലും വമ്പന്‍ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുന്ന 'പട്ടികള്‍ അല്ലാത്ത മില്ലൈനേഴ്സ്' വക, ചേരിപട്ടികളെ പട്ടികളായി തന്നെ നിലനിര്‍ത്തുന്ന രാഷ്ട്രീയമില്ലൈനെഴ്സ് വക എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയായി.[ഉണ്ടാകുമോ? ആവോ? ]


Jai ho !!! Lyrics here

Friday, February 13, 2009

പ്രണയദിന അമ്പാസിഡറ്

http://en.wikipedia.org/wiki/Valentine%27s_Day

സെന്റ് വാലന്റൈന്‍സ്‌ ഡേ

... Roman Emperor Claudius II, allegedly ordering that young men remain single. The Emperor supposedly did this to grow his army, believing that married men did not make for good soldiers. The priest Valentine, however, secretly performed marriage ceremonies for young men. When Claudius found out about this, he had Valentine arrested and thrown in jail...(ref: wikipedia)

പ്രണയദിനത്തലേന്ന്‌ പ്രമോദ്‌ മുത്തലിക്ക്‌ അറസ്റ്റില്‍

ബാംഗ്ലൂര്‍: വാലന്‍ൈറന്‍ ദിനം ആഘോഷിക്കുന്ന കമിതാക്കളെ നിര്‍ബന്ധപൂര്‍വം കെട്ടിച്ചുവിടുമെന്ന്‌ ഭീഷണിമുഴക്കിയ ശ്രീരാമസേനാ തലവന്‍ പ്രമോദ്‌ മുത്തലിക്കിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു... (ref: mathrubhumi)

...................................................................

യ്യോ. എന്തൊരു സാമ്യത. രണ്ടു പേരും ഒരേ കാര്യം അല്ലെ ഓഫര്‍ ചെയ്തേ? ശോ, അപ്പൊ ആ മുത്തലിക്ക്‌ പ്രണയദിനവിരുദ്ധനോ അതോ അതിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അമ്പാസിഡറോ? ഇനി പുള്ളിയെം തീയിലെറിഞ്ഞു കൊല്ലുമോ എന്തോ? :((വാലന്‍ന്റൈന്‍ കഥക്ക് ബാക്കിയുണ്ട്. ജയിലരുടെ മോള്‍ക്ക് പ്രേമലേഖനം എഴുതിയതായി. വാലന്‍ന്റൈന്‍ ഡേയെ മഹത്വവല്ക്കരിക്കുന്നതല്ല. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ, എന്തിന് ഒരു ചരട് കൈയില്‍ കെട്ടി കൊടുത്തു ഇന്ത്യ ഇസ് മൈ കണ്‍ട്രി ഓള്‍ ഇന്ത്യന്‍സ് മൈ ബ്രദേഴ്സ് ആക്കുന്ന ഭാരതത്തിന്റെ സ്വന്തം രക്ഷാബന്ധന്‍ പോലും ഒരു ഡേ മാത്രം അല്ലെ?
ചുമ്മാ അങ്ങ് പിള്ളേരെല്ലാം വഴിതെറ്റും എന്നുള്ള ഡയലോഗില് ഒരു ഇഷ്യൂ ആക്കി അവര്‍ ആളായി. നമുക്കൊക്കെ വഴിതെറ്റാന്‍ എന്താ ഒരു പ്രത്യേക ഡേ വേണോ?

പ്രണയം നിരോധിക്കുക. അതാ ബെസ്റ്റ്. ഇന്ത്യ ഇസ് മൈ കണ്‍ട്രി ഓള്‍ ഇന്ത്യന്‍സ് ആര്‍് മൈ ബ്രദേഴ്സ് :)

Friday, January 16, 2009

എനിക്ക് ലോട്ടറി അടിച്ചു

എനിക്കീ സന്തോഷവര്‍ത്തമാനം ആരോടെന്കിലും ഒക്കെ പറയാതെ വയ്യ, പ്രത്യേകിച്ച് നിങ്ങളോട്. നിങ്ങള്ക്കറിയാമല്ലോ ലോകം മുഴുവന്‍ (ഒഫ് കോഴ്സ്, ഗള്ഫ് രാജ്യങ്ങളും) സാമ്പത്തിക മാന്ദ്യത്തിന്റ്റെ പിടിയില്‍ അമര്‍ന്ന ഈ സമയത്തു 'യു ആര് ദ വിന്നര്‍' എന്ന് പറഞ്ഞു ഒരു മെയില് എന്റെ സ്വന്തം മെയില്‍ബോക്സില്‍ വന്നാല്‍ എന്റെ സന്തോഷം എന്തായിരിക്കുമെന്ന്. യെസ്, ഇന്നു രാവിലെ കൃത്യം 11 : 33 ന് എന്റെ ജീമെയിലില് ആ സന്തോഷവാര്ത്താ എന്നെ തേടി എത്തി .

ആ മെയില് നിങ്ങളുടെയും കൂടി സന്തോഷത്തിനായി ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.

CONGRATULATIONS!! LUCKY LOTTERY WINNER

from SA2010BID LOTTERY < sabidlotterz25@gmail.com >
to
date Sat, Jan 17, 2009 at 11:33 AM
subject CONGRATULATIONS!! LUCKY LOTTERY WINNER
mailed-by gmail.com

[WINNING NOTIFICATION.rtf]


CONGRATULATIONS!!!

Message deposited in mailbox: Message content:Attachment. This e-mail and any attachment thereto are strictly confidential and are intended solely for the use of the e-mail

addressee. Please find attached a document and/or statement relating to your

WINNING NOTIFICATION. To view the attached file, double-click on the file icon, and after it has opened, choose file and then click print to print the document. To save the attached file, copyit from this e-mail and save it on your computer. Note: You require Adobe Acrobat Reader to view Adobeattachments. A free download of Adobe Acrobat Reader
is available from www.adobe.com


Yours Faithfully,
MARIA STEVE(Online-Cordinator


note : that to field data was not removed by me. ഞാന്‍ ഇങ്ങനെ ഇതിവിടെ ഷെയര്‍ ചെയ്യുമെന്നറിയാവുന്നത് കൊണ്ടാവണം അവര്‍ ആ To കോളം പൂരിപ്പിച്ചിരുന്നില്ല.എന്റെ മെയില് ഐഡി എങ്ങാനും ചോര്‍ന്നാല്‍... ഹൊ എന്റെ കാര്യത്തില് എത്ര ശ്രദ്ധാലുവാണവര്.

എന്തായാലും അതിന്റെ കൂടെ ഉള്ള .rtf ഫയല്‍ ഞാന്‍ ഓപ്പണ്‍ ചെയ്തിട്ടില്ല. എന്റെ കഷ്ടകാലം കഴിഞ്ഞിട്ട് നോക്കാം എന്നോര്‍ക്കുന്നു.എങ്കിലും എനിക്കുള്ള ആശംസകള്‍ അറിയിക്കാം.

കൂടാതെ ഒരു സഹായം കൂടെ വേണം. കിലുക്കം സിനിമയുടെ ആ CD ഒന്നു കിട്ടാന്‍ വഴിയുണ്ടോ. ഇല്ലെങ്കില്‍ ഇന്നസെന്റ് ലോട്ടറി കിട്ടുമ്പോ പറയുന്ന ആ സീനിന്റെ യു ട്യൂബ് ക്ലിപ്പ് കിട്ടിയാലും മതി. തിരിച്ചു വരുമ്പോ ഉള്ള ക്ലിപ്പ് പിന്നെ ഞാന്‍ തിരിച്ചു വരുമ്പോ മതിയാകും.നന്ദി.

..............................................................................

ഈ ലോട്ടറി പോര എന്നുണ്ടെങ്കില്‍ ദാ, അനില്ഭായ് പറഞ്ഞ യാരിദിന്റെ പോസ്റ്റ് ഇവിടെ "ഇന്റർനെറ്റിലെ കോവർ കഴുതകൾ"

Monday, January 5, 2009

ഡേ ഇന്‍ വണ്‍് ഔര്‍് (കോമഡി ?)

സമയം : ഇന്നലെ രാത്രി 11:30 കഴിഞ്ഞു
സന്ദര്ഭം: ന്യൂസ്‌ ചാനല്, ഡേ ഇന്‍ വണ്‍് ഔര്‍്

മലയാളത്തിലെ പഴയകാല സുപ്രസിദ്ധ നടി "അഭിലാഷ" പറഞ്ഞിരിക്കുന്നു അവര്ക്കു മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്പര്യമുണ്ട്. (അവരെ പരിചയമില്ലെന്നോ. എനിക്കും ഇല്ലായിരുന്നു. പക്ഷെ പഴയകാല ഹിറ്റ് പടങ്ങളുടെ ഒരു ലിസ്റ്റ് തന്നു. അപ്പോള്‍ മനസിലായി)

സ്റ്റുഡിയോയില്‍ (കൊച്ചി ആയിരിക്കണം) നടി അഭിലാഷ
ഒറിജിനല്‍ സ്റ്റുഡിയോയില്‍ ന്യൂസ് റീഡര്

ന്യൂസ് റീഡര് മലയാളത്തില്‍ ചോദിച്ചു എന്താണ് അഭിനയിക്കാന്‍ ഇപ്പോള്‍ താത്പര്യം ഉണ്ടെന്നു പറയാന്‍ കാര്യം , അഭിലാഷ ചുമ്മാ ചിരിച്ചോണ്ടിരിക്കുന്നു.(എന്താണോ എന്തോ)

അതെ ചോദ്യം ന്യൂസ് റീഡര് ഇംഗ്ലീഷില്‍ ചോദിച്ചു. അപ്പൊള്‍് അഭിലാഷയുടെ തമിള്‍ മറുപടി 'തമിഴില്‍ ചോദിയ്ക്കൂ' എന്ന് (അത് ശരി,അപ്പോള്‍ നോ ഇംഗ്ലീഷ്)

പാവം ന്യൂസ് റീഡര്, തമിള്‍ അറിയില്ലായിരിക്കും.പിന്നേയും ഇംഗ്ലീഷ് ചോദ്യം , അഭിലാഷ ചിരി. നോ മറുപടി.

പിന്നെ ന്യൂസ് റീഡര് 'ഏതാവതും ഡയറക്ടര് ഇരിക്കതാ / ഏതാവതും പടം ഇരിക്കതാ ' പോലെ കൊറേ ചോദ്യങ്ങള്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ചോദിച്ചു.അവരെന്തോക്കെയോ ഉത്തരം പറഞ്ഞു ' കന്നഡ പടം ഉണ്ടെന്നോ, കല്യാണം കഴിഞ്ഞെന്നോ, മലയാളത്തില്‍ നടിക്കാന് താത്പര്യം ഉണ്ടെന്നോ' ഒക്കെ.

അവസാനം ന്യൂസ്റീഡര് തന്നെ ഭാഷയുടെ പ്രശ്നം ഉള്ളതുകൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആകുന്നില്ലന്നു പറഞ്ഞു കഴച്ചിലായി.

ഞാന്‍ കൊറേ നേരം പൊട്ടിച്ചിരിച്ചു. വാര്ത്ത ആയാല്‍ അങ്ങനെ വേണം. ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ടു ന്യൂസ്, ചാന്‍സ്, പബ്ലിസിറ്റി, കോമഡി, ആഹഹ

ചാനല് ഏതെന്ന് പറയണ്ടല്ലോ. ചോദിക്കുന്നത് ഒന്നേ ഉള്ളു. എന്തിനായിരുന്നു അത്? അവരുടെ ആ വാര്‍ത്താപ്രധാന്യം പോട്ടെ. അവര് ലിപ്സ്റ്റിക് ഇടുന്നത് etc etc ഇമ്മണി കൊറേ ഷോട്ട് എല്ലാം കാണിച്ചപ്പോ ഇമ്മാതിരി ഒരു ചതി ഒട്ടും പ്രതീക്ഷിചില്ലേ. (ആ ഇന്റര്‍വ്യൂ തരപ്പെടുത്തിയവനെ ആ ന്യൂസ് റീഡര് തട്ടികളഞ്ഞു കാണുമോ എന്തോ ? ;)

അതോ സത്യത്തില്‍ പ്രേക്ഷകര്‍ക്ക്‌ ചിരിക്കാന് ഉള്ള അവസരം നല്‍കാന്‍ തന്നെ ആയിരുന്നോ ആ ജനപ്രിയ ചാനെലിന്റെ ശ്രമം ? എന്നാ താങ്ക്സ് :) പ്രിയ ചാനലേ, ഞാന്‍ നിങ്ങളുടെ സ്ഥിരം പ്രേക്ഷക ആയി മാറിയിരിക്കും.

Thursday, January 1, 2009

പുതുവര്ഷം

"പുതുവര്ഷത്തിന് പൊന്പുലരികള് ഉണരുകയായ്
പ്രതീക്ഷകള് തന് പ്രഭാതങ്ങള് വിടരുകയായ്

നല്കട്ടെ സൌഭാഗ്യങ്ങള് ആവോളം നമുക്കായ്
നെടട്ടേ ലോകം ശാന്തമാം ജീവിതവും"


ഒരു വര്ഷം മുന്നേ പറഞ്ഞ വാക്കുകള്‍ എടുത്തെഴുതുമ്പോള്‍ മനസ് പിടയുന്നു

എങ്കിലും ഈ പുലരികള്‍ എന്നും പ്രതീക്ഷകളുടെതാണ്. പ്രത്യാശകളുടെതാണ്.

ഈ പുതുവര്‍ഷം ശാന്തതയുടേതാവട്ടെ, നന്മയുടേതാകട്ടെ.

നമുക്കോരോരുത്തര്‍്ക്കും അങ്ങനെ ഈ ലോകത്തിനും...

നമ്മുടെ ഓരോ കാല്‍്വയ്പ്പൂം വിജയത്തിനൊപ്പം സമാധാനത്തിലേക്ക് കൂടി ആവട്ടെ:::::::::::::::: ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള് !!! :::::::::::::::

Loading