Wednesday, March 25, 2009

ബൂലോകർക്കും വേണ്ടേ ലോൿസഭാ സ്ഥാനാർഥിത്വം?

ബൂലോകർക്കെന്താണോരു കുറവ്?

കേരളത്തിലെമ്പാടും പ്രതിനിധികൾ ഇല്ലേ?

കേരളത്തിന് വെളിയിൽ ഇന്ത്യയിലെങ്ങും,പിന്നെ മിഡിൽഈസ്റ്റിലും യുഎസിലും യുകെയിലും ജപ്പാനിലും കൊറിയയിലും സൌത്താഫ്രിക്കയിലും (...ലും ...ലും ...ലും) എല്ലാം ബ്ലൊഗ്ഗർ പിന്തുണയില്ലേ?

ഹിന്ദു-മുസ്ലിം-ക്യസ്ത്യൻ(എതു വേണം, എതു ജാതി? എതു സമുദായം? എതു വിഭാഗം?) മതവിശ്വാസികൾ ആയ ബ്ലൊഗ്ഗർ നേതാക്കൾ/പ്രവർത്തകർ ഇല്ലേ?

ബ്ലൊഗ് വ്യാപാരി/വ്യവസായീ/തൊഴിലാളി/മുതലാളി സംഘടനകൾ ഉണ്ടാക്കാൻ കഴിവുള്ളവർ(ഇടത്/വലത്/സംഘ) ഇല്ലേ?

പ്രിയങ്കരനായ ബ്ലൊഗ്ഗർ മമ്മൂട്ടിയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കി ബൂലോകർക്കും ഈ ലോൿസഭാ തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരിക്കൂടേ?

പറയൂ ബ്ലോഗർമാരേ പറയൂ, അവകാശങ്ങൾ നേടണ്ടേ? ഭരണം നേടണ്ടേ? ഇന്ത്യയെ കുട്ടിച്ചോറാക്കണ്ടേ?

വേണ്ടേ ലോൿസഭാ സ്ഥാനാർഥിത്വം?

ജയ് ....????

Tuesday, March 3, 2009

ഞാന്‍ പ്രിയ, നായര്‍...

'ഞാന്‍ പ്രിയ, ഇടത്തരം നായര്‍ കുടുംബത്തിലെ അംഗം, നായര്‍ ജാതിയില്‍ ജനിച്ചു എന്നതില് പ്രത്യേകിച്ച് അഭിമാനകരമായിട്ടൊന്നും ഇന്ന് വരെ തോന്നിയിട്ടില്ലെങ്കിലും അതില്‍ പ്രത്യേകിച്ച് മോശവും തോന്നിയിട്ടില്ല. എന്റെ സുഹൃത്തുക്കളിലാരോടും ഞാന്‍ ഇന്ന് വരെ ജാതി ഏതാണെന്ന് ചോദിച്ചിട്ടില്ല. (പേരില്‍ തന്നെ ഒരു വാലുള്ളത് കൊണ്ടാവാം പറയേണ്ടിയും വന്നിട്ടില്ല)

എനിക്കെന്റെ കുടുമ്പത്തിലെ നാലു തലമുറ നേരിട്ടറിയാം.അതിനും മുന്‍പത്തെ തലമുറയെ പറ്റി കേട്ടറിയാം.ഫാമിലി ട്രീ എഴുതുമ്പോള്‍ ആ തലമുറയിലെ എല്ലാം അച്ഛനും അമ്മയും ആരെന്നു വ്യക്തമായി എഴുതാന്‍ കഴിയും. ഇവരില്‍ ആരും ആരുടേം ഔദാര്യം കൊണ്ടോ ഏതെങ്കിലും നമ്പൂതിരിമാരുടെ സംബന്ധം ആയോ, എന്തിനു, ഭൂപരിഷ്കരണനിയമത്തില് കൂടി പോലും അല്ല, മറിച്ച് ,അദ്ധ്വാനിച്ച് സമ്പാദിച്ച കാശു കൊണ്ടാ ജീവിച്ചതെന്നും/ജീവിക്കുന്നതെന്നും ജീവിച്ചും അനുഭവിച്ചും അറിയാം. അതിനാല്‍ ഞങ്ങളെ/കുടുംമ്പക്കാരെ നായര്‍ എന്ന് പറഞ്ഞു ചാര്‍ത്തി തരുന്ന അവഹേളനങ്ങളില് നിന്നും ഒഴിവാക്കണം എന്നും,
എന്റെ നാട്ടിലെ ഒരു നായര്‍ കുടുംമ്പത്തിലും അങ്ങനെ നമ്പൂതിരിയുടെ ആരൊക്കെയോ ആയ ആരും ഇല്ലാത്തതിനാല്‍ എന്റെ നാട്ടുകാരായ നായന്മാരെയും ആ അവഹേളനങ്ങളില് നിന്നോഴിവാക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
പറ്റുമെങ്കില്‍ നിങ്ങളുടെ നാട്ടിലെ ആ സൊ സെഡ് നായന്മാര്‍(അല്ലാത്തവരാണെങ്കിലും) ഉണ്ടെങ്കില്‍ അവരുടെ പേരോ കുടുംമ്പപ്പേരോ വിളിച്ചു അവരെ മാത്രം അവഹേളിക്കുകയാണെങ്കില് അത് കൂടുതല്‍ നന്ന്‍.
മാത്രമല്ല എല്ലാ മുസ്ലിങ്ങളും ഭീകരവാദികള്‍ അല്ലാത്തത് പോലെ, ഞങ്ങളുടെ എം പിയുടെ ആണവകരാറിന്റെ തീരുമാനം എന്റെതും കൂടി അല്ലാത്തത് പോലെ , വെള്ളാപ്പള്ളിയുടെ വായിട്ടലക്കല്‍ എല്ലാ ഈഴവന്റെയും അഭിപ്രായം അല്ലാത്തത് പോലെ, ബാലക്യഷ്ണപിള്ളയോ നാരായണപിള്ളയുടെയോ വചനങ്ങള്‍ എല്ലാ നായരുടെയും അഭിപ്രായം ആയി കണക്കാക്കാതിരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.'

ഇനി സംവരണം:
1) അറുപതു വര്ഷം ആയിട്ടും പിന്നോക്കം പിന്നാക്കം ആണെകില്‍ സംവരണം നിര്‍ത്തി അതിന്റെ കാരണം ആദ്യം കണ്ടു പിടിക്കുക. ആദിവാസിക്ക് ഭൂമി കൊടുത്തത് നാട്ടുകാര്‍ ചാരായം കൊടുത്തു എഴുതിവാങ്ങിച്ചു എന്ന് പറഞ്ഞാല്‍ ആദ്യം ആദിവാസിയെ ചാരായം കാണുമ്പോഴേ കമിഴ്ന്നടിച്ചു വീഴാതിരിക്കാന്‍ പഠിപ്പിക്കാന് എന്ത് ചെയ്യണം എന്ന് ആലോചിക്കുക.

2) സാന്ദര്‍ഭികമായി പറഞ്ഞതല്ല, അറിയാവുന്ന പല തൊഴിലാളികളും പാടത്തു നിന്ന് കൂലി വാങ്ങി നേരെ കള്ളുഷാപ്പിലേക്ക് പോകുന്നതും മക്കള്‍ റേഷന്‍ വാങ്ങാന്‍ പൈസക്കായി റോഡില്‍ അച്ഛനെ കാത്തു നില്‍ക്കുന്നതും പലവട്ടം കണ്ട ഒരു കൂട്ടുകാരി ആയതു കൊണ്ട് പറഞ്ഞതാണ്‌.

3) അമ്മയും പ്രായമായ ഒരു അമ്മൂമ്മയും മാത്രം ഉള്ള സുഹൃത്ത്. അമ്മ കൂലിപണി എടുത്താണ് അവളെ പഠിപ്പിച്ചത്. ബുക്കില്‍ മണ്ണെണ്ണ വീണ പാട് ഉള്ള അപൂര്‍വ്വം സഹപാഠികളില്‍ ഒരാള്‍. എസ് എസ് എല്‍ സിക്ക് ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് ഉള്ള സുഹൃത്ത് രണ്ടാം ഗ്രൂപ്പ് (സയന്‍സ് ) അഡ്മിഷന് വെയ്റ്റിംഗ് ലിസ്റ്റില്‍ ആയതും 232/600 ഉള്ള മറ്റൊരു പെണ്‍കുട്ടി പഠിക്കാന്‍ ഒട്ടും തല്പര അല്ലാഞ്ഞിട്ടും സയന്‍സ് ഗ്രൂപ്പില് സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്നതും കണ്ടു.( പ്രീഡിഗ്രി അവസാനം ആവുന്നതിനു മുന്നേ 232കാരി അവളുടെ വഴിക്ക് പോയി.ജീവിതപ്രാരാബ്ധം കൊണ്ടല്ല ഇട്ടേച്ചു പോയത് .അത് വേറെ കഥ :)
പ്രീഡിഗ്രി ഉയര്‍ന്ന സെക്കന്റ് ക്ലാസ് , ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന് ശ്രമിച്ചപ്പോള്‍ അവിടെ ഒരു വര്ഷം ഫ്രീ സര്‍വീസ് , പിന്നെ അഡ്മിഷന്‍ , പിന്നെ ഒരു വര്ഷം ബോണ്ട്. ഞങ്ങളുടെ സീനിയര്‍ (ക്രിസ്ത്യന്‍ ) ഒരു വട്ടം പ്രീഡിഗ്രി തോറ്റ് രണ്ടാമതെഴുതി പാസായി വന്നു നേരെ നഴ്സിംഗ് കോഴ്സിനു ജോയിന്‍ ചെയ്തു.

ഇവിടെ എന്റെ സുഹൃത്തിന് മറ്റു രണ്ടു പേരേക്കാള് ഉണ്ടായിരുന്ന പോരായ്മ അവളുടെ അച്ഛനും അമ്മയ്ക്കും നായര്‍ ആണ് എന്നതും സാമ്പത്തികമായി വളരെ പിന്നാക്കം ആണ് എന്നതും ആണ്.ദൈവാധീനം കൊണ്ടും അവളുടെ പരിശ്രമം കൊണ്ടും ഇന്ന് ജോലി കിട്ടി തരക്കേടില്ലാതെ ജീവിക്കുന്നു .

4) സംവരണത്തില്‍ നേടുന്നവര്‍ക്കുള്ളത് ആത്മവിശ്വാസം ആണോ അതോ കോമ്പ്ലെക്സ് ആണോ എന്നതും ആലോചിക്കുക.പലരുടെയും പെരുമാറ്റം ശ്രദ്ധിക്കപെട്ടിട്ടുണ്ട്.

5) എന്‍ എസ് എസ്സിനോട് എനിക്കുള്ള അഭ്യര്‍ഥന ഈ വാചകകസര്ത്ത് നിര്‍ത്തി മന്നത്ത് പദ്മനാഭനെ പോലുള്ളവര്‍ ചെയ്തിരുന്നു എന്ന് ഞങ്ങള്‍ കേട്ടിരിക്കുന്ന ആ കൂട്ടായ്മയുടെ ഗുണം ഇനി ഉണ്ടാകുമോ എന്നാണ്.ജാതി ചോദിക്കരുതെന്ന് പറഞ്ഞ ഗുരുവിന്റെ പേരില്‍ പോലും ജാതിസംഘടന ഉള്ളപ്പോള്‍ , ജാതി ഇല്ലാതാവും എന്നും, ടാക്സ് വാങ്ങുന്ന സര്‍ക്കാരില്‍ നിന്നും തുല്യ പരിഗണന കിട്ടും എന്നൊക്കെ കരുതി ഇരുന്നാല്‍ ചിലപ്പോള്‍ തലമുറ ഇതുമാറി അടുത്തതും ചിലപ്പോള്‍ അതിനടുത്തതും ആകും. സാമ്പത്തിക നിലക്കനുസരിച്ചുള്ള പരിഗണന, വോട്ടിനെ മാത്രം കരുതി ഇടത് വലതു പക്ഷങ്ങള്‍ പരിഗണിക്കില്ല എന്നതും വ്യക്തം

ബ്ലോഗിലെ പ്രശ്നങ്ങള്‍ ബ്ലോഗില്‍ തീര്‍ത്തു കൂടെ എന്ന് പറഞ്ഞതിന് പ്രത്യേകിച്ച് ഇഫക്ട് ഒന്നും കണ്ടില്ല.അങ്ങനെ ഒരു പ്രതീക്ഷയും ഇല്ല. എങ്കിലും പ്രശസ്തനായ ബ്ലോഗ്ഗര്‍ ഒരു ജാതിയെ തെറി വിളിക്കുന്നത് കണ്ടാണ്‌ അദ്ധേഹത്തിന്റെ മകനും വളരുന്നത്. നാളെ അവന്‍ അവന്റെ കൂടുകാരനെ ഇങ്ങനെ തന്നെ കണക്കാക്കിയാല്‍... ആര്‍ക്കാണ് ജാതിഭ്രാന്ത്?

Loading