Saturday, April 12, 2008

ഈ വിഷുക്കണി എങ്ങനാ ഒരുക്ക്യാ?

മറ്റന്നാള്‍ വിഷു.
നാട്ടില്‍ വച്ചു പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാന്‍ ഉണ്ണും എന്ന മട്ടില് ജീവിതം. അത് കൊണ്ടു തന്നെ ഒന്നിനെ കുറിച്ചു ഒത്തിരി ചിന്തിച്ചു വേവലാതിപ്പെടാറും ഇല്ല.

തലേന്ന് രാത്രി അമ്മ കണി ഒരുക്കും. എന്നിട്ട് വിഷുപ്പുലര്ച്ചേ എഴുന്നേറ്റു വിളക്ക് കൊളുത്തി വച്ചിട്ട് ഞങ്ങളെ ഓരോരുത്തരെ ആയി കണ്ണ് പൊത്തി കൊണ്ടു പോയി കണി കാണിക്കും. നമ്മള്‍ അതിങ്ങനെ നോക്കി നിന്നു ആസ്വദിക്കും.

ഒരു വല്യ ഓട്ടുരളിയില് നിരത്തി വിരിച്ച മഞ്ഞ കണിക്കൊന്നപ്പൂക്കള്. അതിന് മുകളില്‍ നന്നായി മടക്കിതേച്ച വെളുത്ത കോട്ടണ് മുണ്ട്. അതിന്മേല്‍ ഒരു വെറ്റിലയും അടക്കയും കുറച്ചു കൊന്ന അല്ലികളും വെള്ളിനാണയവും (ന്നു വച്ചാ ഇന്ത്യന്‍ ഒറ്റരു‌പാ തുട്ടുകള്‍ ). തൊട്ടു അടുത്ത് ഒരു മഞ്ഞ കണിവെള്ളരി. ആ കണിവെള്ളരിയുടെ മുകളില്‍ അണിയിച്ചിരിക്കുന്ന ഒരു സ്വര്‍ണമാലയും എന്റെ വെള്ളിക്കൊലുസും. കോടിത്തുണിയുടെ മറ്റേ വശത്ത് ഒരു കുല പച്ചമാങ്ങ, ഒരു വലിയ കഷ്ണം വരിക്കച്ചക്ക. ഒരു നാഴിയില്‍ ചുവന്ന കുത്തരി. ഇടങ്ങഴിയില്‍ നിറച്ച നെല്ല്. എല്ലാത്തിന്റെയും മുകളില് ചെറുതായി തൂവിയിട്ടിക്കുന്ന കൊന്നപ്പൂക്കള്‍ . അതിന് പുറകിലായി ഓടക്കുഴലൂതുന്ന നീല കൃഷ്ണ പ്രതിമ. ഉരുളിക്ക് പുറത്തു മുന്‍പില്‍ ആയി കത്തിച്ചു വച്ച 2 (കിഴക്ക് പടിഞ്ഞാറ്) തിരിയിട്ട നിലവിളക്ക്.

ഇതു ഒരുക്കി വച്ചിരിക്കുന്നത് മുറിയുടെ കിഴക്ക് ഭാഗത്തായിട്ടാണ്. അതിനാല്‍ നമ്മള്‍ കണി കാണുമ്പോള്‍ കിഴക്കോട്ടു ദര്ശനം.

മതിയാവോളം നിന്നും ഇരുന്നും കണ്ടു കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടെ ആ കണി മൊത്തം എടുത്തു ( എനിക്ക് മിക്കവാറും ആ കൃഷ്ണനെ ആണ് കിട്ടാറ്.) തോട്ടയല്വക്കത്തെ വീടിന്റെ മുറ്റത്ത്‌ (തൊട്ടു ചെര്‍ന്നാ) കൊണ്ടു വച്ച് അവരെ വിളിച്ചിട്ട് മാറി നില്ക്കും. അവര്‍ വന്നു കണികാണും. കുട്ടികളെയും കൊണ്ടു വന്നു കണ്ടതിനു ശേഷം എല്ലാരും കൂടെ ആ കണി തൊഴുത്തിലെ പശുവിനെയും കാണിക്കും. (എല്ലാ വര്ഷവും അവള്‍ അത് തിന്നാന്‍ വരുന്നതു കാണാം) പിന്നെ തിരിച്ചു വീടിനകത്തേക്ക്‌.

ഇനി വിഷു കൈനീട്ടം. മുതിര്‍ന്നവര്‍ ഓരോരുത്തരായി ഇളയവര്ക്ക് (:D ഞാനാ ഏറ്റവും എളയത്) ആ വെറ്റിലയും അടക്കയും സ്വര്‍ണവും വെള്ളിയും ചേര്ത്തു കൈനീട്ടം (നോട്ടാവാം അല്ലെങ്കില്‍ വെള്ളിതുട്ട് മാത്രമാവാം) തരുന്നു. അത് വാങ്ങി ഹാപ്പിയായി ഉപ്പേരിയും ശര്ക്കരവരട്ടിയും ശാപ്പിട്ടു പടക്കം പൊട്ടിക്കാന്‍ ഇറങ്ങുന്നു. വിഷുക്കണി നേരം നന്നായി പുലരുന്നത്‌ വരെ അവിടെ ഉണ്ടാകും. പിന്നെ വിളക്ക് മാത്രം കെടുത്തും.

ഉച്ചത്തെ വിഷു സദ്യ കൂടെ കഴിഞ്ഞാല്‍ വിഷു സംപൂര്‍ണം.

Loading