Saturday, February 12, 2011

അച്ഛന്മാരോട് (അമ്മമാരോടും)

[മക്കളെ കുറിച്ച് വറീതാവുന്ന അച്ഛന്മാരോട് (അമ്മമാരോടും) എനിക്ക് പറയാനുള്ളത് ]

കുഞ്ഞനിയത്തിമാരെ എന്റെ സ്വന്തം കുഞ്ഞായി തന്നെ വളര്ത്തിയിട്ടുണ്ട് ഞാന്. എന്റെ പതിനാറ് വയസ്സില് എന്റെ കൈകളില് വന്ന കസിന് കുഞ്ഞ് എനിക്ക് മകളെപോലെ തന്നെയാണ്. അവളുടെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. അവള്ക്ക് ദോഷമുണ്ടാകുന്ന ഒന്നും വരരുതെന്ന് എനിക്ക് നിര്ബന്ധവുമുണ്ട്.

എങ്കിലും ഞാന് കരുതുന്നു അച്ഛനമ്മമാര് മക്കളെ സംരക്ഷിക്കേണ്ടത് എല്ലാത്തില് നിന്നും അവരെ ഒഴിച്ചുമാറ്റി കൂട്ടിലടച്ച് നിര്ത്തിയല്ല. വരുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടണം എന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. നാളെ ഈ ലോകത്ത് തനിച്ച് ജീവിക്കേണ്ടവര് ആണവര്. അന്ന് നിങ്ങളുടെ കൈ അവരെ സംരക്ഷിക്കാനും മാത്രം അകലേക്ക് എത്തിയെന്ന് വരില്ല.

വീടിനടുത്തുള്ള സ്കൂളില് പഠിച്ച ഞാന് തനിച്ച് ബസ് യാത്ര തുടങ്ങിയത് പ്രിഡിഗ്രിക്കാണ്. ഒരു കോലവുമില്ലാത്ത, മെലിഞ്ഞുണങ്ങിയ, പട്ടുപാവാടയണിഞ്ഞ, പതിനഞ്ചുകാരിക്ക് ബസിലുണ്ടായത് ഉറുമ്പ് അന്നെഴുതിയ ചേച്ചിക്കുണ്ടായ അനുഭവം ആണ്. ഒരു ബസ്സ്റ്റോപില് ബസ് നിര്ത്താന് പോവുമ്പോള് ഒരു മധ്യവയസ്ക്കന് പുറകില് നിന്നും പിടിച്ചു. ഞാന് ഞെട്ടലോടെ തന്നെ പ്രതികരിച്ചതും ആ ചേച്ചി ചെയ്തത് തന്നെയാണ്. കയ്യിരുന്ന കുട കൊണ്ട് എന്നെകൊണ്ടാകാവുന്നത്ര ശക്തിയില് തല്ലി. അയാള് ഓടിയിറങ്ങിപ്പോവുകയും ചെയ്തു.
അതിനു ശേഷം വര്ഷങ്ങള് ഇന്നു വരെ ദിനം പ്രതി യാത്ര ചെയ്തിട്ടും എന്നെ ആരും തോണ്ടാന് പോലും ഇട വന്നിട്ടില്ല. അത്രമാത്രം അലേര്ട്ട് ആണ് ഞാന്. പുറകിലേക്ക് പോയാല് മുന്നോട്ട് നോക്കി ഒതുങ്ങി നില്ക്കുനതിന് പകരം അല്പം ചരിഞ്ഞ് പുറകില് നില്ക്കുന്ന ആളെ അല്പം കാണുന്ന വിധത്തില് നില്ക്കുക, ഇരിക്കുന്ന സീറ്റിനരികില് ആരെങ്കിലും ചാരി നിന്നാല് ഇടക്കിടക്ക് ആളെ അയാള്ക്ക് മനസ്സിലാവുന്ന വിധത്തില് ശ്രദ്ധിക്കുക. തൊട്ടടുത്ത് ആര്ക്കെങ്കിലും ബുദ്ധിമുട്ടുള്ള തരത്തില് ആണെങ്കില് 'എന്ത് പറ്റിയെന്ന്' ഉറക്കെ തന്നെ ചോദിക്കുക.

ഇതൊരു കാര്യം മാത്രമാണ്. ജീവിതവും അങ്ങനെ തന്നെയാണ്. എത്ര ശ്രദ്ധിച്ചാലും ചതിക്കുഴികള് അവര്ക്ക് ചുറ്റുമുണ്ടാകും. നിങ്ങള്ക്കൊരിക്കലും അവരെ സ്ഥിരമായി സംരക്ഷിച്ച് ചേര്ത്ത് പിടിച്ച് വളര്ത്താനാവില്ല. അവര് അറിഞ്ഞ് വളരേണ്ട സൌഹൃദങ്ങളും അപകടങ്ങളും ഉണ്ട്.

കൈകുമ്പിളില് വെള്ളം എടുക്കാന് വിരലുകള് ചേര്ത്ത് പിടിക്കണം. പക്ഷെ ആ വിരലുകള് വീണ്ടും മുറുകിയാല് അതേ വെള്ളം കയ്യില് നിന്നും ചോര്ന്നു പോകും. നിങ്ങള് അതിനിട വരുത്തരുത്.

Loading