വര്‍ഷങ്ങളായി പെരുമഴക്കാലങ്ങളില്‍ വാലും തുമ്പും മാത്രം കേട്ട് കേട്ട് പലര്‍ക്കും മടുത്ത വിഷയം തന്നെയാണ് മുല്ലപ്പെരിയാര്‍. അന്‍പത് കൊല്ലം മാത്രം ആയുസ്സ് പറഞ്ഞിരിക്കുന്ന ഒരു ഡാം ഒരു ഭീമമായ അബദ്ധം പോലെയുള്ള 999 വര്‍ഷത്തെ കരാറിന്റെ പേരില്‍ ഇരട്ടിയിലധികം വര്‍ഷത്തിനു ശേഷവും ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ഒരു വിഭാഗം ജനങ്ങളുടെ ജീവനു തന്നെ ഭീക്ഷണിയായി മറ്റൊരു വിഭാഗത്തിന്റെ തല്‍ക്കാലികമായ ലാഭത്തിനു വേണ്ടി നിലനില്‍ക്കുന്നു. മുല്ലപെരിയാര്‍ പൊട്ടിയാല്‍ എന്ന വായന ഇവിടെ (/English) തുടങ്ങാം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ പല പല സ്വാര്‍ഥതാല്പര്യങ്ങളുടെ പേരില്‍ " സര്‍ക്കാര്‍ കാര്യം മുറപോലെ' എന്നു തെളിയിക്കാനായി എന്ന പോലെ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നു. നീതിന്യായവ്യവസ്ഥ എന്തിന്റെയോ ഒക്കെ പേരില്‍ ഒന്നും കാണുന്നില്ലെന്ന് നടിക്കുന്നു.
മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് ഈ കാര്യത്തില്‍ നല്‍കുന്ന വിവരങ്ങള്‍ എത്രമാത്രം കുറവാണെന്ന് മനസ്സിലാക്കാന്‍ പാച്ചുവിന്റെ 'മുല്ലപ്പെരിയാറിലേക്കൊരു യാത്ര ' എന്ന ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ തെളിവാണ്. പ്രമുഖമാദ്ധ്യമങ്ങളുടെയെല്ലാം കൈവശം ഈ ചിത്രങ്ങള്‍ പോലുള്ളവ ഉണ്ടെങ്കിലും അവയൊന്നും കാര്യങ്ങള്‍ വിശദമാക്കാനായി അവര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന യാഥാര്‍ഥ്യം അതിശയിപ്പിക്കുന്നതാണ്.
പാച്ചു 2007 നവംബര്‍ മുതല്‍ 2008 ഫെബ്രുവരി വരെ പോസ്റ്റ് ചെയ്ത 11 പോസ്റ്റുകളിലൂടെ ( 7 - 17 ) മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് വര്‍ഷം മുന്നേയുള്ള സ്ഥിതി എന്താണെന്ന് വ്യക്തമായി നല്‍കിയിട്ടുണ്ട്.തമിള്‍നാട്ടിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഒരു മനുഷ്യസ്നേഹിയായ ജെ. ബെന്നി ക്വിക്ക് സ്വന്തം സ്വത്ത് പൂര്‍ണ്ണമായും നല്‍കി പടുത്തുയര്‍ത്തിയ ആ മുല്ലപ്പെരിയാര്‍ തന്നെ ഇന്ന് കുറേയേറെ മനുഷ്യര്‍ക്ക് ശാപമായി മാറിയതിനു ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.
അന്നത്തെ ടെക്നോളജി അനുസരിച്ചു ചുണ്ണാമ്പും ശര്‍ക്കരയും (ref) ഉപയോഗിച്ച് നിര്‍മിച്ച, അന്‍പത് വര്‍ഷം ആയുസ്സെന്ന് നിര്‍മ്മാതാവ് തന്നെ പറഞ്ഞിരുന്ന ഡാം ഇന്ന്, നൂറ്റിപത്ത് വര്‍ഷത്തിനിപ്പുറം ഈ നിമിഷം വരെ തകരാതെ പിടിച്ചു നില്‍ക്കുന്നത് 1979 ഇല്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കേബിള്‍ ആങ്കറിങ് (ref) കൊണ്ടാണ്. ഇപ്പോള്‍ 40% സിമന്റ് ആണ്. ആ കമ്പിയും സിമന്റും എത്രകാലം വെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്തുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്? പോരാത്തതിനു കാലപ്പഴക്കം വരുത്തിയ വിള്ളലുകള്‍ സ്ഥിതി ഇനിയും മോശമാക്കിരിക്കുന്നു.
ഇക്കാര്യത്തില് ഒരു ജനതക്ക് തനിച്ചൊന്നും ചെയ്യാനാവില്ല. നമുക്ക് ചെയ്യാനാകുന്നത് സംരക്ഷിക്കണ്ടവരോട് അവര്‍ അവരുടെ കടമ ചെയ്തേ മതിയാകൂ എന്നു നിര്‍ബന്ധിക്കുകയാണ്. നമ്മുടെ ജനതയെ മുഴുവന്‍ ഒരുമിച്ചു ചേരാനായി, ഒന്നിച്ചു നില്‍ക്കാനായി, ഒന്നായി ആവശ്യപ്പെടാനായി ബോധവല്‍ക്കരിക്കുകയാണ്. നമ്മളെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കിക്കുകയാണ്. ഒരുമിച്ച് നീങ്ങാനായി കൈകള്‍ കോര്‍ക്കുകയാണ്.
കേരളജനതയോ തമിള്‍ജനതയോ കാര്യങ്ങളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് പൂര്‍ണ്ണമായും ബോധവാന്മാരല്ല (read) തമിള്‍നാട്ടിലെ രാഷ്ടീയക്കാരും മാദ്ധ്യമങ്ങളും ശരിയായ വിവരങ്ങള്‍ അവരെ മനസ്സിലാക്കിക്കൊടുക്കുന്നുവെങ്കില്‍ ഒരിക്കലും കേരളത്തിന്റെ തകര്‍ച്ചക്ക് അവരും കൂട്ടുനില്‍ക്കില്ല. കേരളത്തിന്റെ ജനത അവരുടെ ജീവിതത്തിന്റെ നിലനില്‍പ്പിനായി ഒന്നിച്ചു ശബ്ദമുയര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരിനും നീതിന്യായവ്യവസ്ഥക്കും പിന്നെയും കണ്ണടക്കാന്‍ ആവില്ല.
അതാണ് ഇനി നമുക്കു വേണ്ടത്. സ്വതന്ത്രമാദ്ധ്യമമായ ബ്ലോഗിനു ഈ കാര്യത്തില്‍ എന്തു ചെയ്യാനാകും എന്ന കാര്യത്തില്‍ പാച്ചുവും നിരക്ഷര്‍ജിയും തുടക്കം കുറിച്ച അന്യോഷണമാണ് റീബില്‍ഡ് മുല്ലപ്പെരിയാര്‍ || സേവ് കേരള എന്ന ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ വഴി നമ്മുടെ ബൂലോകം എന്ന ബ്ലോഗ് കൂട്ടായ്മ നമ്മളിലേക്ക് പകരുന്നത്.പ്രമുഖരായ പല കേരളാബ്ലോഗര്‍മാര്‍( മലയാളം & ഇംഗ്ലീഷ്) പോലും മുല്ലപ്പെരിയാര്‍ വിഷയത്തെയും അതിന്റെ അവസ്ഥയേയും കുറിച്ച് അറിവും താല്പര്യവും ഉള്ളവരല്ല. അതിനാല്‍ തന്നെ ഈ ബ്ലോഗേഴ്സ് മൂവ്മെന്റ്, ഇന്റെര്‍നെറ്റ് ഉപഭോക്താക്കളായവരെയും അതുവഴി സാധാരണക്കാരെയും കാര്യത്തിന്റെ അടിയന്തരാവസ്ഥ മനസ്സിലാക്കുക എന്ന ലക്ഷ്യത്തിനു വേണ്‍ടിയുള്ളതാണ് . ആ അന്യോഷണം ലക്ഷ്യം നേടേണ്ടത് നമ്മുടെ നിലനില്പ്പിന്റെ ആവശ്യമാണ്. അതിനായി നമുക്കൊരുമിക്കാം.
Rebuild Mullaperiyar Dam !!! Save Kerala !!!