Sunday, December 4, 2011

മുല്ലപ്പെരിയാർ കൊണ്ട് ഒരു കാര്യം മനസ്സിലായത്

ഒരു നേതാവിനെയും വിശ്വസിക്കണ്ടാ എന്ന് തന്നെയാണു.

ഇത്രയും കാലം വൈകാരികമായി നമ്മളെയൊക്കെ പ്രതികരിപ്പിച്ചുകൊണ്ടിരുന്നവർ തന്നെ രണ്ട് ദിവസം കൊണ്ട് മലക്കം മറിയുന്ന കാഴ്ചയും കണ്ടു. തമിൾനാട്ടിൽ ഭൂമിയുള്ള കേരളനേതാക്കളുടെ ലിസ്റ്റ് എടുക്കുന്നു എന്ന തമിൾനാട്ടിൽ നിന്നുള്ള അഭ്യൂഹം വന്നതോടെ അല്ല ഈ മലക്കം മറിച്ചിൽ എന്ന് കരുതാൻ ഒരു ന്യായവും കാണുന്നുമില്ല.

ഏ ജി പറഞ്ഞ അഭിപ്രായം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാരിന്റെ തന്നെ ശ്രമം അല്ലാ എന്ന് എങ്ങനെ കരുതും? 136 അടി വെള്ളം മുപ്പത് കിലോമീറ്റർ ദൂരം എത്താൻ രണ്ടുമണിക്കൂർ എടുക്കും എന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറയണം എങ്കിൽ, മുല്ലപ്പെരിയാർ ഇഷ്യൂ അന്നു കോടതിയിലേക്ക് കയറുമ്പോൾ ആയിരിക്കണം അദ്ദേഹം ആദ്യമായി കേട്ടിരിക്കേണ്ടത്. 11 ടി എം സി ജലം ഇടുക്കി ഡാം താങ്ങും എന്നത് സത്യമെങ്കിലും ഒരു ഗ്രാവിറ്റി ഡാം മുഴുവനോടെ പൊളിഞ്ഞ്, അതിശക്തമായ വേഗതയോടെ മുപ്പത് കിലോമീറ്റർ ദൂരത്തെ സകലചരാചരങ്ങളേയും തൂത്തെടുത്തു പാഞ്ഞുവരുന്നത് മുഴുവൻ താങ്ങാൻ ഇടുക്കിഡാമിനാകും എന്ന് എന്ത് അറിവിലാണു ഏ ജി കരുതിയത്? ഏജി ഒരു തത്തമ്മ ആയതല്ല എന്ന് കരുതാൻ വയ്യ, മുൻപ് പല കേസുകളിലും ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാർ ഉള്ള സംസ്ഥാനത്ത് നടന്നുകൂടാത്തതല്ല ഈ നാടകം.

ഞാൻ ഒക്കെ ജനിക്കുന്നതിനും വളരെ മുൻപേ തുടങ്ങിയ ഒരു പ്രശ്നം , ഇന്നുവരെ പരിഹരിക്കാൻ പോയിട്ട്, ഒരു കൊള്ളാവുന്ന പരിഹാരം സജസ്റ്റ് ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. ഭൂകമ്പബാധിതമേഖലയിൽ മറ്റൊരു ജലബോംബല്ലാതെ ഒരു ബദൽ സംവിധാനം ആലോചിക്കാൻ പോലും മിനക്കെടാത്തതിനു കാരണം ' ഡാം പണി മഹാശ്ചര്യം നമുക്കും കിട്ടണം പണം ' എന്ന് അയ്യഞ്ചു കൊല്ലം മാറിമാറി വന്നവർ എല്ലാം കരുതിയതാണോ? എന്തായാലും അഞ്ചുകൊല്ലം കൊണ്ട് പണി തീരില്ല എന്നും എന്നെങ്കിലും ചക്കരക്കുടം തങ്ങൾക്കും കിട്ടും എന്ന ദീർഘദൃഷ്ടിയോ അതോ ഇനിയും കാലതാമസം വരുത്താൻ തമിൾനാടിനോട് കാട്ടുന്ന കൂറോ?

വ്യക്തമായ പഠനം നടത്തി മുല്ലപ്പെരിയാറിന്റെ ഇന്നത്തെ സ്ഥിതി ആശങ്കജനകമല്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനള്ള ഉത്തരവാദിത്യം ഇന്ത്യാ ഗവണ്മെന്റിനുണ്ട്.മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ഡാം താങ്ങുമോ എന്നതിലല്ല സ്റ്റഡി നടത്തേണ്ടത്.മുല്ലപ്പെരിയാർ പൊട്ടാൻ ഇടനൽകരുത്. ഒരു കാരണവശാലും ഒരു ജനതയെ പരീക്ഷണത്തിനായി നൽകാൻ നമുക്കാവില്ല.
അതല്ല മുല്ലപ്പെരിയാറിന്റെ അവസ്ഥ ഇപ്പോൾതന്നെ സംശയകരമായെങ്കിലും മോശമാണെങ്കിൽ, കേരളത്തിനു ലഭിച്ച നിയമോപദേശപ്രകാരം എത്രയും പെട്ടെന്ന് 999 വർഷത്തെ കരാർ. കേരളഗവണ്മെന്റ് തന്നെ (എന്തിന്റെപേരിലായാലും പുതുക്കി നൽകിയത്) ക്യാൻസൽ ചെയ്ത്, മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യുക എന്നതാണു കേരളത്തിലെ ജനങ്ങളുടെ ഇന്നത്തെ ആവശ്യം.

കേരളത്തിൽ 'Safety for kerala, water for thamilnad' എന്ന് മുദ്രാവാക്യം മുഴുക്കുമ്പോൾ തമിൾനാട് 'water for us, anything else is not our concern' എന്ന മനോഭാവം കേരളജനതയോടുള്ള അവഹേളനമാണു. എത്രകാലം ഇത് സഹിക്കണം?

തമിൾനാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും തമിൾ, ഇന്ത്യാ നേതാക്കൾ മുഴുവനും, കേരളാനേതാക്കളിൽ പലരും ബദ്ധശ്രദ്ധരാണു. പിറവം ഉപതിരഞ്ഞെടുപ്പിനെ നിർത്തിവയ്പ്പിച്ചിട്ടായാലും മുല്ലപ്പെരിയാർ പ്രശ്നത്തിനു ഒരു ശാശ്വതപരിഹാരം ഈ വട്ടം തന്നെ നേടിയില്ലെങ്കിൽ ഇനിയും ഇത് മറന്നും ഓർമ്മിപ്പിച്ചും ആവർത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.ശ്രീ ടി എം ജേക്കബ് എന്തായാലും ഇനി മടങ്ങിവരില്ല.അദ്ദേഹത്തിനു പകരം വരുന്നയാൾ നമ്മുടെ കാലുവാരാൻ ആയി ഒന്നല്ല എന്നെങ്ങനെ അറിയും? അങ്ങനെ ഒരാളെക്കൂടി തിരഞ്ഞെടുക്കാൻ, ഇപ്പോൾ നമ്മുടെ ടാക്സ്മണി ചിലവാക്കേണ്ടതുണ്ടോ?

മുല്ലപ്പെരിയാർ പ്രശ്നം ഉടൻ പരിഹരിക്കുക. കേരളത്തിലെ ജനങ്ങളുടേ സുരക്ഷ ഉറപ്പാക്കുക.

3 comments:

പ്രിയ said...

ഒരു ശരാശരി ഇന്ത്യൻ പൗരയുടെ, കേരളീയന്റെ ഭയവും രോഷവും ഇതിലും കുറച്ചെങ്ങനെ പറയും എന്നെനിക്കറിയില്ല. ഒന്നും വരില്ല എന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും എന്തുറപ്പെന്ന് പിന്നെയും മനസ്സു വിഷമിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

പ്രിയ,
രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എല്ലാം ഇതിൽ പിടിച്ച് കെട്ടുന്ന രീതിയിൽ പൊതുജന പ്രക്ഷോഭം മുന്നേറിയാലെ എന്തെങ്കിലും നടക്കൂ. നിലവിലെ സ്ഥിതിയിൽ കേരളത്തിലെ എല്ലാ എം പി മാരും എതിരായാലും കേന്ദ്ര ഗവണ്മെന്റിനു ഒന്നും സംഭവിക്കാനില്ല. അതോണ്ട് തന്നെ കേരളത്തിലെ കോൺഗ്രസ്സ് എം പി മാർക്ക് ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യാതിരുന്നാലും വേണ്ടില്ലായിരുന്നു, എ ജി ചെയ്തപോലെ കുതികാൽ വെട്ടാതിരുന്നാൽ മതിയായിരുന്നു. ഇനി ഭരണം മാറി ഇടതുപക്ഷം വന്നാൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് പരീക്ഷിച്ചു നോക്കാമെന്ന് മാത്രം, ചുരുങ്ങിയ പക്ഷം ജലനിരപ്പ് കുറക്കാൻ സാധിക്കുമോ എന്നെങ്കിലും.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ജനങ്ങളെല്ലാം ഒന്നിച്ച് പ്രക്ഷോപമൊ,കലാപമോ നടത്തുമ്പോൾ മാത്രമേ ഇനിയിതിനൊരു പരിഹാരം വരികയുള്ളൂ എന്നാണേവരുടേയും സംശയം അല്ലേ പ്രിയേ.

Loading